വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ ട്രംപ് ഉത്തരവിടുന്നപക്ഷം ഇറാനിൽ ആഴ്ചകൾ നീളുന്ന സൈനിക നടപടികൾക്ക് അമേരിക്ക തയാറെടുക്കുന്നതായി റിപ്പോർട്ട്. ഇറാന്റെ തിരിച്ചടികൂടി മുന്നിൽ കണ്ടുള്ള സമഗ്ര ആസൂത്രണമാണ് അമേരിക്കൻ സേന നടത്തുന്നതെന്നു വിഷയവുമായി ബന്ധമുള്ള വൃത്തങ്ങൾ വെളിപ്പെടുത്തി.
കഴിഞ്ഞ വർഷം ജൂണിൽ ഇസ്രയേലിനൊപ്പം ചേർന്ന് ഇറാനിൽ ബോംബിട്ടതു പോലുള്ള ആക്രമണമായിരിക്കില്ല ഇത്. ഇറാന്റെ ആണവകേന്ദ്രങ്ങളിൽ മാത്രമാണ് അമേരിക്ക അന്നു ബോംബിട്ടത്. ഇക്കുറി ഇറേനിയൻ ഭരണകൂടത്തെയും സുരക്ഷാ സംവിധാനങ്ങളെയും ലക്ഷ്യമിടുന്ന പദ്ധതിയാണു പരിഗണിക്കുന്നത്.
വലിയ മിസൈൽ ശേഖരമുള്ള ഇറാനെതിരേയുള്ള നീക്കങ്ങൾ കനത്ത പ്രത്യാഘാതത്തിന് ഇടയാക്കുമെന്നും കണക്കുകൂട്ടുന്നു. അടിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിട്ടുള്ളതാണ്. പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളെയായിരിക്കും ലക്ഷ്യമിടുകയെന്നും അവർ പറഞ്ഞിട്ടുണ്ട്.
ജോർദാൻ, കുവൈത്ത്, സൗദി, ഖത്തർ, ബഹ്റിൻ, യുഎഇ, തുർക്കി എന്നീ രാജ്യങ്ങളിലെല്ലാം അമേരിക്കയ്ക്കു സൈനിക താവളങ്ങളുണ്ട്. കഴിഞ്ഞ വർഷം ജൂണിലെ ബോംബിംഗിനു മറുപടിയായി ഖത്തറിലെ യുഎസ് താവളത്തിനു നേർക്ക് ഇറാൻ മിസൈലുകൾ തൊടുത്തതാണ്. ഇറാന്റെ തിരിച്ചടി പശ്ചിമേഷ്യ മുഴുവൻ ഉൾപ്പെടുന്ന വൻ യുദ്ധമായി മാറാനും സാധ്യതയുണ്ട്.
ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് അമേരിക്ക ഇറാനെ ആക്രമിക്കാൻ പദ്ധതി തയാറാക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.
നേരത്തേ രണ്ടാമതൊരു വിമാനവാഹിനി കപ്പൽകൂടി പശ്ചിമേഷ്യയിലേക്ക് അയയ്ക്കാൻ അമേരിക്ക തീരുമാനിച്ചുവെന്ന റിപ്പോർട്ട് പുറത്തുവന്നതും നെതന്യാഹു അമേരിക്കയിലെത്തിയശേഷമാണ്. ആണവചർച്ചയിൽ ഇറാനുമേൽ സമ്മർദം വർധിപ്പിക്കാൻ ഉദ്ദേശിച്ചുകൂടിയാണ് ട്രംപിന്റെ നീക്കങ്ങൾ.